Saturday, September 18, 2010

കൊയ്ത്തുപാട്ട്

മൃദുലമേകാന്തഗാനം ശ്രവിച്ചുഞാ,--നെന്റെ
ഹരിത കേദാരമാകെത്തളിർക്കവേ
കാറ്റുവീശിക്കടന്നവയൊക്കെയും സൌവർണ്ണ
സാഗരസൃഷ്ടിയായ് മാറുവാൻ കാത്തിടേ,
കതിരുകൊയ്യുന്ന ഗാനമെൻ ജീവനിൽ
കരകവിഞ്ഞാനന്ദ ലോകം ചമച്ചിതേ.

കതിരു മോഹിച്ചു പാടിഞാ,നാവയൽ--
ക്കരയി,ലാദിനം കാത്തിരുന്നീടവേ
കനലു വീശിക്കടന്നുപോയ് കാറ്റുകൾ
കനിവു പെയ്യാതെ പാടം കരിഞ്ഞുപോയ്

തരിശുകൊയ്യും വയലിന്റെയപ്പുറം
നിഴലുപോലെ ഞാൻ കാണുന്നതാരെയോ
മൃദുലപാദുകം തേടുമെൻ നാഥനോ,
പതിവു പോലെന്റെ സ്വപ്നവിഭ്രാന്തിയോ?

കദനപാശം മുറുക്കിടും ലോകമേ
കരളതില്ലാത്ത കാരുണ്യ ഹീനരേ
കരയുമീയിവൾക്കില്ലാ പ്രതീക്ഷ നിൻ
കപട സ്വാന്ത്വനഗ്ഗീതിയിൽ തെല്ലുമേ

രൌദ്രസംസാര സാഗരം താണ്ടിടാനീയെന്റെ
രംഭാദ്രുമയ്യാനപാത്രത്തിനായിടാ
സ്മൃതിയുടെ വിഷക്കോപ്പ പൂക്കുന്ന രാത്രിയിൽ
മൃതിയുടെ നിലാവത്തലിഞ്ഞു പോകട്ടെ ഞാൻ !