Saturday, September 18, 2010

കൊയ്ത്തുപാട്ട്

മൃദുലമേകാന്തഗാനം ശ്രവിച്ചുഞാ,--നെന്റെ
ഹരിത കേദാരമാകെത്തളിർക്കവേ
കാറ്റുവീശിക്കടന്നവയൊക്കെയും സൌവർണ്ണ
സാഗരസൃഷ്ടിയായ് മാറുവാൻ കാത്തിടേ,
കതിരുകൊയ്യുന്ന ഗാനമെൻ ജീവനിൽ
കരകവിഞ്ഞാനന്ദ ലോകം ചമച്ചിതേ.

കതിരു മോഹിച്ചു പാടിഞാ,നാവയൽ--
ക്കരയി,ലാദിനം കാത്തിരുന്നീടവേ
കനലു വീശിക്കടന്നുപോയ് കാറ്റുകൾ
കനിവു പെയ്യാതെ പാടം കരിഞ്ഞുപോയ്

തരിശുകൊയ്യും വയലിന്റെയപ്പുറം
നിഴലുപോലെ ഞാൻ കാണുന്നതാരെയോ
മൃദുലപാദുകം തേടുമെൻ നാഥനോ,
പതിവു പോലെന്റെ സ്വപ്നവിഭ്രാന്തിയോ?

കദനപാശം മുറുക്കിടും ലോകമേ
കരളതില്ലാത്ത കാരുണ്യ ഹീനരേ
കരയുമീയിവൾക്കില്ലാ പ്രതീക്ഷ നിൻ
കപട സ്വാന്ത്വനഗ്ഗീതിയിൽ തെല്ലുമേ

രൌദ്രസംസാര സാഗരം താണ്ടിടാനീയെന്റെ
രംഭാദ്രുമയ്യാനപാത്രത്തിനായിടാ
സ്മൃതിയുടെ വിഷക്കോപ്പ പൂക്കുന്ന രാത്രിയിൽ
മൃതിയുടെ നിലാവത്തലിഞ്ഞു പോകട്ടെ ഞാൻ !

Monday, August 30, 2010

വിട

തിരയില്ല,യാരുമേ, കാണാതിരിക്കുകിൽ
തിരയില്ല, ശാന്തമീ മാനസ സാഗരം
തിരശ്ശീല വീഴുവാൻ കാത്തിരിപ്പാ,ണെന്റെ
ചിരകാല സ്വപ്നം ഫലിച്ചിടും നേരമായ്!

കൊതിയില്ല മരതകപ്പച്ചിലക്കാടിനെ
വാക്കില്ല ചൊല്ലുവാൻ വസുധയോടൊന്നുമേ
മധുരം വിളിക്കുന്ന നാദം ശ്രവിച്ചു ഞാ –
നാമോദപൂർണ്ണം നടക്കുന്നു പിന്നെയും.

പൂവിന്നസ്സാന്നിദ്ധ്യമാരെക്കെടുത്തുന്നു
കേൾക്കുകില്ലാരുമേ സന്താപ ഗീതകം
അലയുന്ന തെന്നലിൻ കൈകളിൽ ഞാനിതാ
പകരുന്നു ജീവന്റെയവസാന നാളവും…..

Thursday, January 21, 2010

പൌര്‍ണ്ണമി

നിമിഷങ്ങളില്‍ നീല
വാരിപ്പുതച്ചുകൊണ്ടാടുന്നു
നീയെന്റെ വാനലോകങ്ങളില്‍!


തെല്ലും വെളിച്ചമി,ല്ലില്ലൊരു
തൈജസകീടവുമെന്നെ
പുതപ്പിച്ചുറക്കുവാന്‍.


വിജനതീരങ്ങളില്‍, തൂങ്ങുവാന്‍
വിരല്‍തേടിയലയുന്നു,വീഴുന്നു,
-ആലംബഹീന ഞാന്‍.


താളം മറക്കുന്നു, നാദം നിലയ്ക്കുന്നു
പാദങ്ങളമ്പേ പിഴയ്ക്കുന്നു
-വീണു ഞാന്‍.


തീരങ്ങളില്ലാക്കയത്തില്‍
വിഷം തീണ്ടി, വിങ്ങിക്കര
ഞ്ഞുഴഞ്ഞീടുന്ന വേളയില്‍


ശീകരസ്പര്‍ശമായ് എന്നെയുണര്‍ത്തിയ
ശാലീനശാരികേ,
ശ്രാവണപൌര്‍ണ്ണമീ !


പാടുന്നതെങ്ങനെ, എങ്കിലും
പാടാതിരിക്കുവാനാകുമോ
ജീവനേ....?

Friday, January 15, 2010

അരങ്ങേറ്റം

ബ്ലോഗിന്റെ ലോകത്തേയ്ക്ക്, കവിതയുടെയും പാട്ടിന്റെയും ലോകത്തുനിന്ന് ഞാന്‍ ആദ്യം വരുന്നു. എന്നെ ആശീര്‍വദിക്കണേ.